
ചെങ്ങന്നൂർ : മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മാറി മാറി ഭരിച്ചു പോരുന്ന മുന്നണികൾ നടപ്പിലാക്കുന്ന കോർപ്പറേറ്റ് അനുകൂല നയ - നടപടികൾ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളെ ദുരന്തസമാനമായ സാഹചര്യങ്ങളിലേക്ക് അനുദിനം തള്ളി വിടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അധികാര വർഗ്ഗ രാഷ്ട്രീയത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പരാജയപ്പെടുത്തുവാൻ കഴിയു എന്ന് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ. പാർത്ഥസാരഥി വർമ്മ പറഞ്ഞു. എസ്.യു.സി.ഐ ചെങ്ങന്നൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി ബി. പ്രണീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്നുവന്ന വാഹന പ്രചാരണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് കല്ലിശ്ശേരി ജംഗ്ഷനിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ മുന്നണികൾ പറയുന്ന വികസനം ആരുടേതാണ്. സമൂഹത്തിലെ 80 ശതമാനം വരുന്ന പണിയെടുക്കുന്നവന്റെ വികസനം അല്ല എന്ന് ഇവരുടെ വികസന പ്രവർത്തനം നമ്മെ ബോധ്യപ്പെടുത്തുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപിടി സമ്പന്ന വിഭാഗത്തിന്റെ താൽപര്യം മാത്രം പേറുന്ന ഈ മുന്നണികളെ തിരിച്ചറിയണമെന്നും ജനങ്ങൾക്കു മേൽ ഇവർ അടിച്ചേൽപ്പിക്കുന്ന അനീതികൾക്കെതിരെ ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുവാൻ ബാറ്ററി ടോർച്ച് അടയാളത്തിൽ വോട്ട് ചെയ്തു എന്നെ വിജയിപ്പിക്കണമെന്ന് സ്ഥാനാർത്ഥി ബി.പ്രണീഷ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ചെങ്ങന്നൂർ ലോക്കൽ സെക്രട്ടറി റ്റി. കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ. ബിമൽജി, മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റി അംഗം ടെസ്സി ബേബി, മധു ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.











